ഫെഡറേഷന്‍ കപ്പ് കൊടിയേറും മുമ്പേ പയ്യനാട്ട് ഉത്സവം തുടങ്ങി

മഞ്ചേരി:ഉദ്ഘാടനത്തിന് ഒരുദിവസം ബാക്കിനില്‍ക്കെ പയ്യനാട് സ്റ്റേഡിയത്തില്‍ ഉത്സവത്തിന് തുടക്കമായി.

ഞായറാഴ്ച ഇവിടേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. വഴിക്കടവ്, പുലാമന്തോള്‍, കോട്ടയ്ക്കല്‍, തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുപോലും പയ്യനാട് സ്റ്റേഡിയം കാണാന്‍ ആളുകളെത്തി. കൊടുംവെയിലിനെപ്പോലും വകവെക്കാതെ സ്ത്രീകളും കുട്ടികളും കുന്നുകയറി സ്റ്റേഡിയത്തില്‍ എത്തി. യുവാക്കള്‍ വാദ്യമേളങ്ങളോടെ ഫെഡറേഷന്‍കപ്പിന് സ്വാഗതമേകി പ്രകടനം നടത്തി. തിരക്ക് നിയന്ത്രണാതീതമായത് പണികളെ ബാധിച്ചു. തുടര്‍ന്ന് വൈകീട്ട് ഗാലറിയുടെ ഒരുവശത്തുകൂടി മാത്രമാണ് പ്രവേശനം അനുവദിച്ചത്.

മൈതാനത്ത് കളിയൊരുക്കം പുരോഗമിക്കുകയാണ്. അടയാളപ്പെടുത്തല്‍ പൂര്‍ത്തിയായി. മൈതാനം നനയ്ക്കല്‍ തുടരുകയാണ്. നാല് ഫ്‌ളഡ്‌ലിറ്റുകള്‍ സ്ഥാപിച്ചു. പരീക്ഷണാര്‍ഥം ഇവ പ്രവര്‍ത്തിപ്പിച്ചു. ഡ്രസ്സിങ് റൂമുകള്‍ നാലെണ്ണം തയ്യാറാക്കിയിട്ടുണ്ട്. ഭവാനിപുര്‍ എഫ്.സിയും സിക്കിം യുണൈറ്റഡ് ടീമും ഞായറാഴ്ച എത്തി. ഭവാനിപുര്‍ എഫ്.സിക്ക് മേലാക്കം മലബാര്‍ ടവറിലും രങ്ദജീദിന് മഞ്ചേരി വി.പി മാളിലുമാണ് മുറിയൊരുക്കിയിരിക്കുന്നത്. ബംഗ്ലൂരു എഫ്.സി, സ്‌പോര്‍ട്ടിങ് ഗോവ, ഈസ്റ്റ് ബംഗാള്‍ ടീമുകളാണ് ഇനി എത്താനുള്ളത്. അനുയോജ്യമായ പരിശീലന മൈതാനം ഇല്ലാത്തത് ബുദ്ധിമുട്ടാകുന്നുണ്ട്. മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് പരിശീലനം നടത്താന്‍ ബുദ്ധിമുട്ടുണ്ടെന്നറിയിച്ചതിനെത്തുടര്‍ന്ന് മുഹമ്മദന്‍സിന് നിലമ്പൂര്‍ പീവീസ് മൈതാനം നല്‍കി.

മാച്ച് കമ്മീഷണര്‍മാര്‍ തിങ്കളാഴ്ച എത്തും. വിനോദ്കുമാര്‍ സിങ്ങും സുരേഷ് ശ്രീനിവാസനുമാണ് മത്സരം നിയന്ത്രിക്കുന്നത്. റഫറിമാരും എത്തിത്തുടങ്ങിയിട്ടുണ്ട്. ഫെഡറേഷന്‍കപ്പ് നടത്തിപ്പ് ചുമതലയുള്ളവരുടെ യോഗം തിങ്കളാഴ്ച വൈകീട്ട് നടക്കും. ടീം മാനേജര്‍മാര്‍, മാച്ച് കമ്മീഷണര്‍മാര്‍, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കോംപറ്റിറ്റീവ് മാനേജര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രണ്ടുടീമുകള്‍ കൂടി എത്തി; സ്വീകരിക്കാന്‍ സംഘാടകര്‍ എത്തിയില്ല

കൊണ്ടോട്ടി: ഫെഡറേഷന്‍കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ രണ്ട് ടീമുകള്‍ കൂടി കോഴിക്കോട് വിമാനത്താവളം വഴിയെത്തി. ഭവാനിപുര്‍ എഫ്.സിയും സിക്കിം യുണൈറ്റഡുമാണ് ഞായറാഴ്ച വന്നത്.

ശനിയാഴ്ച എത്തിയ ടീമുകളെ സ്വീകരിക്കാന്‍ സംഘാടകര്‍ വിമാനത്താവളത്തിലെത്തിയിരുന്നെങ്കിലും ഞായറാഴ്ച ആരെയും കണ്ടില്ല. ടീമുകളുടെ ചുമതലയുള്ള ലെയ്‌സണ്‍ ഓഫീസര്‍മാര്‍ മാത്രമാണ് വിമാനത്താവളത്തിലെത്തിയത്.

ഉച്ചയ്ക്ക് 1.05ന് എയര്‍ഇന്ത്യ ഡല്‍ഹി വിമാനത്തിലാണ് ഭവാനിപുര്‍ എഫ്.സി ടീം വന്നത്. മുംബൈയില്‍ നിന്നുള്ള ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ 2.15ഓടെ സിക്കിം യുണൈറ്റഡ് ടീം എത്തി. ലെയ്‌സണ്‍ ഓഫീസര്‍ വി.ടി. കൃഷ്ണന്‍ ടീമിനെ സ്വീകരിച്ചു. ഒഫീഷ്യലും കളിക്കാരുമടക്കം 23 പേരാണ് വന്നത്. ഇവര്‍ പ്രത്യേക ബസ്സില്‍ പെരിന്തല്‍മണ്ണയിലേക്ക് പോയി.

ഫെഡറേഷന്‍ കപ്പ് :ടിക്കറ്റ് കിട്ടിയോ കിട്ടുമോ?


മഞ്ചേരി:ടീമുകള്‍ എത്തിത്തുടങ്ങി. മൈതാനവും തയ്യാര്‍. വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകളുടെ അകലം മാത്രം. പയ്യനാട് സ്റ്റേഡിയവും ജില്ലയും ഉണര്‍വിലാണ്. ഫെഡറേഷന്‍ കപ്പ് എന്ന സ്വപ്നത്തിന്റെ അരികില്‍നിന്ന് യാഥാര്‍ഥ്യത്തിന്റെ നടുവിലേക്ക് ഒരു ചാട്ടത്തിനായി. നാലുപേര്‍ കൂടുന്നിടത്തെല്ലാം സംസാരം പയ്യനാട് സ്റ്റേഡിയവും ഫെഡറേഷന്‍ കപ്പും മാത്രമാണ്. കാണുന്നവര്‍ ആദ്യം ചോദിക്കുന്നത് ടിക്കറ്റ് കിട്ടിയോ എന്നാണ്. കിട്ടാത്തവര്‍ അതിന് ഭാഗ്യംലഭിച്ചവരെ നോക്കി നെടുവീര്‍പ്പിടുന്നു. 17000 ടിക്കറ്റുകള്‍ ഇതിനകം തന്നെ വിറ്റ് പോയി. ഗാലറി ടിക്കറ്റ് 9000, സീസണ്‍ ടിക്കറ്റ് 5000, പവലിയിന്‍ ടിക്കറ്റ് 3000 എന്നിങ്ങനെയാണ് കണക്കുകള്‍. ആകെ 20 ലക്ഷത്തോളം രൂപയുടെ ടിക്കറ്റാണ് രണ്ട് ദിവസം കൊണ്ട് വിറ്റു തീര്‍ന്നത്. ഉദ്ഘാടനദിവസത്തെ ടിക്കറ്റ് ഇനി വില്‍ക്കേണ്ടെന്നാണ് നിര്‍ദേശം. 15ന് നടക്കുന്ന ബാംഗളുരു എഫ്.സി- സ്‌പോര്‍ട്ടിങ് ഗോവ, ഈസ്റ്റ് ബംഗാള്‍- രങ്ദജീദ് എഫ്.സി മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയാണ് ഇനി പ്രതീക്ഷയുള്ളത്.

മുഹമ്മദന്‍സും ഡെംപോ ഗോവയും കരിപ്പൂരില്‍ ശനിയാഴ്ച വിമാനമിറങ്ങി. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ടീമുകള്‍ക്ക് നല്‍കിയത്. ഞായറാഴ്ച മുതല്‍ ടീമുകള്‍ പരിശീലനം തുടങ്ങും. രങ്ദജീദ് നെടുമ്പാശ്ശേരിയിലും എത്തി ച്ചേര്‍ന്നിട്ടുണ്ട്. ഞായറാഴ്ച ഭവാനിപുര്‍ എഫ്.സി, യുണൈറ്റഡ് സിക്കിം, ബാംഗ്ലൂര്‍ എഫ്.സി ടീമുകളും തിങ്കളാഴ്ച ഈസ്റ്റ്ബംഗാള്‍, സ്‌പോര്‍ട്ടിങ് ടീമുകളും എത്തും. മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, കോട്ടയ്ക്കല്‍, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് താമസസൗകര്യമൊരുക്കിയത്.

സ്റ്റേഡിയവും അവസാനവട്ട ഒരുക്കത്തിലാണ്. ഫ്‌ളഡ്‌ലിറ്റ് ഞായറാഴ്ച രാത്രി സ്ഥാപിക്കും. പരിശീലനമൈതാനങ്ങള്‍ എ.ഐ.എഫ്.എഫ് കോമ്പറ്ററ്റീവ് മാനേജര്‍ സജ്ജീവ്കുമാര്‍ പരിശോധിച്ചു. മൈതാനത്തിലെ അടയാളപ്പെടുത്തലുകള്‍ തുടങ്ങി.

ആദ്യദിനം വിറ്റത് 10 ലക്ഷം രൂപയുടെ ടിക്കറ്റ്‌

മഞ്ചേരി: ഫെഡറേഷന്‍ കപ്പ് ടിക്കറ്റ് വില്‍പ്പന തുടങ്ങിയ ആദ്യദിനം വിറ്റത് 10 ലക്ഷം രൂപയുടെ ടിക്കറ്റ്.
കനറാബാങ്കിന്റെ മഞ്ചേരി , മലപ്പുറം ശാഖകളില്‍ ഉച്ചയോടെതന്നെ ടിക്കറ്റ് തീര്‍ന്നു. 60 രൂപയുടെ 2000 ടിക്കറ്റുകളാണ് വിറ്റത്. 5500 സീസണ്‍ ടിക്കറ്റുകളില്‍ 3000ഉം വിറ്റുപോയി. വി.ഐ.പി ഗാലറി, കസേര ടിക്കറ്റുകള്‍ അടുത്തദിവസങ്ങളില്‍ വില്‍പ്പന നടത്തും.
മഞ്ചേരിയിലെ കനറാ ബാങ്കിന്റെ രണ്ട് ശാഖകളിലും ഞായറാഴ്ചയും ടിക്കറ്റ് വില്‍പ്പന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ടിക്കറ്റ് വില്‍പ്പന കേന്ദ്രങ്ങളിലും നല്ല തിരക്കനുഭവപ്പെട്ടു. മഞ്ചേരിയിലെ ശാഖകളില്‍ രാവിലെ ഒമ്പതുമണിയ്ക്ക് മുമ്പുതന്നെ ക്യൂ പ്രത്യക്ഷപ്പെട്ടു. രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ആദ്യദിവസത്തെ വില്‍പ്പന അവസാനിച്ചത് ഫുട്ബാള്‍ പ്രേമികള്‍ക്ക് നിരാശ സമ്മാനിച്ചു. തുടക്കത്തില്‍ ഒന്നില്‍ക്കൂടുതല്‍ ടിക്കറ്റ് നല്‍കിയെങ്കിലും പിന്നീട് ഒന്ന് മാത്രമാക്കി ചുരുക്കി.

സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ അനുമതി

മലപ്പുറം: മഞ്ചേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് മത്സരത്തിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അനുമതി. സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ആദ്യമായി വിരുന്നൊരുക്കുന്ന മത്സരമായതിനാലാണ് അനുമതി ലഭിച്ചത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുന്ന തുക സ്റ്റേഡിയത്തിന്റെ നവീകരണത്തിന് ഉപയോഗിക്കും.
സ്റ്റേഡിയത്തിന് അകത്ത് ഗ്രൗണ്ട് ഒഴികെയുള്ള മറ്റിടങ്ങളിലാണ് സ്‌പോണ്‍സര്‍ഷിപ്പ് അനുവദിച്ചിട്ടുള്ളത്.
സ്‌കോര്‍ബോര്‍ഡ്, രണ്ട് ടീമുകള്‍ക്കുള്ള ബസ്, പവലിയന്‍ ഗ്യാലറിയില്‍ എട്ട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍, എന്‍ട്രി പോയന്റ് എന്നിവയ്ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ ശനിയാഴ്ച വൈകീട്ട് നാലിനകം ബന്ധപ്പെടണം. ഫോണ്‍: 9447945706.
സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന് കളക്ടറേറ്റ് സമ്മേളന ഹാളില്‍ യോഗം ചേര്‍ന്നു. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ കെ. ബിജു, ജില്ലാപഞ്ചായത്ത് വൈസ്​പ്രസിഡന്റ് പി.കെ. കുഞ്ഞു, എ.ഡി.എം പി. മുരളീധരന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ. ശ്രീകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.കെ.എ. റസാഖ്, ജില്ലാപഞ്ചായത്ത് അംഗം ഉമ്മര്‍ അറയ്ക്കല്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ബസ്സുകള്‍ക്ക് പ്രത്യേക പെര്‍മിറ്റ്

മലപ്പുറം: ഫെഡറേഷന്‍കപ്പ് ഫുട്‌ബോളിനെത്തുന്ന കാണികളുടെ സൗകര്യാര്‍ഥം ബസ്സുകള്‍ക്ക് സ്‌പെഷല്‍ പെര്‍മിറ്റ് അനുവദിക്കും.
സാധാരണ സര്‍വീസിന് ശേഷമാണ് പെര്‍മിറ്റ് അനുവദിക്കുക. താത്പര്യമുള്ളവര്‍ ഫീസടച്ച് ആര്‍.ടി. ഓഫീസില്‍ അപേക്ഷിക്കണം.

ശനിയാഴ്ച ടീമുകള്‍ എത്തിത്തുടങ്ങും ആദ്യ ടീം ഡെംപോ ഗോവ

മഞ്ചേരി:രാജ്യാന്തര മത്സരത്തിന് അരങ്ങുണരാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ടീമുകള്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നത് സംബന്ധിച്ച് കൃത്യമായ വിവരമായി. 11ന് ഒരുമണിക്ക് ഡെംപോ ഗോവയും 1.30ന് മുഹമ്മദന്‍സും കരിപ്പൂരില്‍ വിമാനമിറങ്ങും. രങ്ദജിദ് ടീം അന്നേദിവസം 8.50ന് നെടുമ്പാശ്ശേരിയിലെത്തും. 12ന് യുണൈറ്റഡ് സിക്കിം, ഭവാനിപുര്‍ എഫ്.സി, ബാഗ്ലൂര്‍ എഫ്.സി ടീമുകളും 13ന് ഈസ്റ്റ്ബംഗാള്‍, സ്‌പോര്‍ട്ടിങ് ടീമുകളും കരിപ്പൂരിലെത്തും. ടീമംഗങ്ങള്‍ക്ക് വിമാനത്താവളങ്ങളില്‍ നല്‍കുന്ന സ്വീകരണം മികവുറ്റതാക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സ്വീകരണകമ്മിറ്റി യോഗം തീരുമാനിച്ചു. വിശിഷ്ടാതിഥികളുടെ നേതൃത്വത്തില്‍ കേരളീയ കലാവിരുന്നോടെ അവരുടെ താമസസ്ഥലത്തേക്ക് സ്വീകരിച്ചാനയിക്കും. നേരത്തെ റിസര്‍വ്‌ചെയ്ത ഹോട്ടലുകള്‍ക്കടുത്തുള്ള ഗ്രൗണ്ടുകളാണ് ടീമിന്റെ പരിശീലനത്തിന് സൗകര്യപ്പെടുത്തുന്നത്. മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, സ്വീകരണകമ്മിറ്റി ചെയര്‍മാന്‍ വി. ഷൗക്കത്തലി, കണ്ണിയന്‍ അബൂബക്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ആറ് ടീമുകള്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തി



മഞ്ചേരി: ഫെഡറേഷന്‍ കപ്പിനായി മഞ്ചേരിയില്‍ എത്തുന്ന എട്ട് പ്രമുഖ ടീമുകളില്‍ ആറെണ്ണെത്തിനും താമസസൗകര്യം ഒരുങ്ങി. മുഹമ്മദന്‍സിന് മഞ്ചേരി മലബാര്‍ ഹെറിറ്റേജിലും ഭവാനിപുര്‍ എഫ്.സിക്ക് മഞ്ചേരിയിലെ തന്നെ മലബാര്‍ ടവറിലുമാണ് സൗകര്യമൊരുക്കിയത്.

ഈസ്റ്റ്ബംഗാളിന് മലപ്പുറം സൂര്യ റസിഡന്‍സിയിലും ഡെംപോ ഗോവയ്ക്ക് പെരിന്തല്‍മണ്ണ ഹൈട്ടണിലും യുണൈറ്റഡ് സിക്കിമിന് പെരിന്തല്‍മണ്ണ റോയല്‍ പ്ലാസയിലുമായിരിക്കും താമസം. സ്‌പോര്‍ട്ടിങ് ഗോവയ്ക്ക് നിലമ്പൂരിലാണ് സ്ഥലം നല്‍കിയത്. രണ്ട് ടീമുകള്‍ക്കുള്ള താമസസ്ഥലം അടുത്ത ദിവസംതന്നെ തീരുമാനിക്കും.

ടീമുകള്‍ക്ക് താമസസൗകര്യം നിശ്ചയിച്ചിട്ടുള്ള ഹോട്ടല്‍ മാനേജര്‍മാരുടെ യോഗം ഉടന്‍ ചേരാനും നിശ്ചയിച്ചിട്ടുണ്ട്. താമസസ്ഥലത്തുനിന്ന് സ്‌റ്റേഡിയത്തിലേക്കും തിരിച്ചും യാത്രചെയ്യുന്നതിന് എ.സി ടൂറിസ്റ്റ്ബസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കളിക്കാര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ആധുനിക ഉപകരണങ്ങളും മഞ്ചേരി കൊരമ്പയില്‍ ഹോസ്​പിറ്റല്‍ ഏര്‍പ്പെടുത്തും.

മുഴുവന്‍ സമയത്തേക്കും ഡോക്ടര്‍മാരുടെയും നഴ്‌സിങ് ഉള്‍പ്പടെ മറ്റു ജീവനക്കാരുടെയും സേവനം ലഭ്യമാക്കും. സ്‌പോര്‍ട്‌സ് മെഡിസിനുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടര്‍മാരും ഉപകരണങ്ങളുമാണ് ഇവിടെ ഒരുക്കുക. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോട്ടയ്ക്കല്‍ മിംസ് ആസ്​പത്രി മൊബൈല്‍ ഐ.സി.യു സംവിധാനമുള്ള ആംബുലന്‍സ് സേവനവും കളിനടക്കുന്ന ദിവസങ്ങളില്‍ ലഭ്യമാക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.